ഒരു കാപ്പി കുടിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണു അവളെ കണ്ടതു. വര്‍ണ ബലൂണുകള്‍ വില്‍ക്കുന്ന ഒരു പെണ്‍കുട്ടി. ഏതാണ്ടു പത്തു പതിന്നൊന്നു വയസ്സു പ്രായം വരും. പല നിറങ്ങളിലുള്ള ബലൂണുകളും പിടിച്ചു കൊണ്ടു ആ കഫെയുടെ മുന്നില്‍ ന്യൂയോര്‍ക്ക് നഗരിയിലെ രവി വര്‍മ ചിത്രം പോലെ അവള് നിന്നു.
പെട്ടെന്നു അവളെ എന്റെ കാഴ്ചയില്‍ നിന്നും മറച്ചു കൊണ്ടു ഒരു പോലീസ് വാഹനം അവിടെ വന്നു നിന്നു.വളരെ ഉച്ചത്തില്‍ അവളോടു തട്ടികയറിയ പോലീസുകാരനെ ഞാന്‍ കണ്ടിലെങ്കിലും അയാള്‍ക്കൊരു കപ്പട മീശക്കാരന്റെ രൂപം ഞാന്‍ സങ്കല്പ്പിച്ചു. അവരുടെ കര്തവ്യ നിര്‍വഹണം കഴിഞ്ഞു പോലീസു വാഹനം അകന്നപ്പൊള് പതുക്കെ കഫെയുടെ അടുത്തേക്കു നടന്നടുത്ത അവളുടെ കവിളില്‍ കണ്ണീര്‍പാടുകള്‍ ചാലിട്ടു കിടന്നു. ഒരു ബലൂണ്‍ വാങ്ങാനും അവള്‍ക്കു അല്പം എന്തെങ്കിലും സഹായം ചെയ്തു അവളെ സന്തോഷിപ്പിക്കാനും തുനിഞ്ഞു മുന്നോട്ടു നടന്ന എന്നെ കവച്ചു വച്ചു കൊണ്ടു ഒരു കൊച്ചു ബാലന് അവളുടെ അടുത്തേക്കു ഓടിയെത്തി. അവന്റെ നീട്ടിയ കയ്യിലെ വര്ണമിട്ടായികടലാസില് തട്ടി അവളുടെ കണ്ണീര് ചാലുകള്‍ പുന്ചിരി തൂകി! നിറഞ്ഞ ചിരിയോടെ അവരുടെ കൊച്ചു ലോകത്തിലെ വലിയ സന്തോഷങ്ങളിലേക്കു അവര്‍ നടന്നകന്നു. അവള്‍ക്കു കൊടുക്കാന്‍ എടുത്തു പിടിച്ച നോട്ടുകള്‍ എന്നെ നോക്കി വെറുതെ ചിരിച്ചു!